This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോട്ടോ, വാള്‍ട്ടര്‍ ഹരോള്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോട്ടോ, വാള്‍ട്ടര്‍ ഹരോള്‍ഡ്

Kroto, Walter Harold (1939 - )

ക്രോട്ടോ, വാള്‍ട്ടര്‍ ഹരോള്‍ഡ്

നോബല്‍ പുരസ്കാരജേതാവായ (1996) ബ്രിട്ടീഷ് രസതന്ത്രജ്ഞന്‍. 1939-ല്‍ ഇംഗ്ലണ്ടിലെ കേംബ്രിജ്ഷയറില്‍ ജനിച്ചു. ക്രോട്ടോ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം, രസതന്ത്ര പഠനത്തിനായി ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. 1961-ല്‍ ബിരുദവും 1964-ല്‍ പിഎച്ച്.ഡി ബിരുദവും നേടി. കാനഡയിലെ നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണബിരുദം നേടിയ ശേഷം 1967-ല്‍ ഇംഗ്ലണ്ടിലെ സസെക്സ് സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഈ അവസരത്തില്‍ നക്ഷത്രങ്ങളും വാതക മേഘങ്ങളും ഉള്‍പ്പെടുന്ന അന്തരീക്ഷത്തിലെ ലോങ്ചെയ്ന്‍ കാര്‍ബണ്‍ തന്മാത്രകളെ ക്കുറിച്ച് ക്രോട്ടോ ഗവേഷണം ആരംഭിച്ചു. ഇവ എങ്ങനെ ഉണ്ടാകുന്നു എന്നറിയുന്നതിനായി, റിച്ചാര്‍ഡ് സ്മാളി എന്ന ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചെടുത്ത, ഉപകരണമാണ് ക്രോട്ടോ ഉപയോഗിച്ചത്. നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1985-ല്‍ ഹീലിയം അന്തരീക്ഷത്തില്‍ ഗ്രാഫൈറ്റിനെ ബാഷ്പീകരിച്ച് കാര്‍ബണ്‍ ആറ്റങ്ങളുടെ മേഘം (Cloud of Carbon atoms) സൃഷ്ടിക്കാന്‍ ക്രോട്ടോയ്ക്കും സംഘത്തിനും സാധിച്ചു. ഈ കാര്‍ബണ്‍ മേഘങ്ങളെ സ്പെക്ട്രോസ്കോപ്പിക പഠനങ്ങള്‍ക്ക് വിധേയമാക്കിയതില്‍നിന്നും, 40-ഓ അതിനു മുകളിലോ എണ്ണമുള്ള ഇരട്ടസംഖ്യയുള്ള കാര്‍ബണ്‍ തന്മാത്രകളെ കണ്ടെത്താനായി. ഇവയില്‍ കൂടുതലും 60 ആറ്റങ്ങളുള്ളവ ആയിരുന്നു. ഉള്‍ഭാഗം പൊള്ളയായ പന്തിന്റെ ആകൃതിയിലുള്ള ഈ തന്മാത്രകള്‍ക്ക് പഞ്ചഭുജത്തിലും ഷഡ്ഭുജത്തിലുമുള്ള 32 മുഖങ്ങള്‍ (faces) ഉള്ളതായും കണ്ടെത്തി. അമേരിക്കന്‍ ആര്‍ക്കിടെക്ടായ ബുക്ക്മിന്‍സ്റ്റെന്‍ ഫുള്ളറിന്റെ നിര്‍മിതിയോട് സാദൃശ്യമുള്ളതിനാല്‍ ഈ തന്മാത്രയെ ഫുള്ളൈറിന്‍ എന്നു നാമകരണം ചെയ്തു. ബക്കിബാള്‍ എന്ന പേരിലും അറിയപ്പെടുന്ന ഈ തന്മാത്രയുടെ കണ്ടുപിടിത്തം പുതിയൊരു രസതന്ത്ര ശാഖയ്ക്കു തന്നെ ജന്മം നല്‍കി. ഫുള്ളെറിന്‍ തന്മാത്രയുടെ കണ്ടുപിടിത്തത്തിന് ക്രോട്ടോയ്ക്കൊപ്പം, റോബര്‍ട്ട് കേള്‍, റിച്ചാര്‍ഡ് സ്മാളി എന്നിവരും നോബല്‍ പുരസ്കാരത്തിന് അര്‍ഹരായി.

2002-04 കാലയളവില്‍ റോയല്‍ സൊസൈറ്റി ഒഫ് കെമിസ്ട്രിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച ഇദ്ദേഹം ഇപ്പോള്‍ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നാനോസയന്‍സ് മേഖലയില്‍ ഗവേഷണം നടത്തിയിരുന്നു.

കേരള സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം, 2011 ജനുവരിയില്‍ ഇദ്ദേഹം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രഭാ ഷണം നടത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍